മഹാ കുംഭമേളയുടെ രണ്ടാം ദിനമായ മകര സംക്രാന്തി പവിത്രസ്‌നാനത്തില്‍ പങ്കെടുക്കാന്‍ ഭക്തജന പ്രവാഹം. മകര സംക്രാന്തി ദിനമായ ഇന്നത്തെ ഒന്നാം ഷാഹി സ്നാനത്തിന് ആശംസകളുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. മകരസംക്രാന്തി’യുടെ ശുഭകരമായ വേളയിൽ, പ്രയാഗ്‌രാജിലെ 2025-ലെ മഹാകുംഭത്തിലെ ത്രിവേണി സംഗമത്തിൽ ആദ്യത്തെ ‘അമൃത് സ്നാന’മെടുത്ത് പുണ്യം നേടിയ എല്ലാ ഭക്തർക്കും അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പുണ്യജലത്തില്‍ സ്‌നാനം ചെയ്യുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യനദികളായി കണക്കാക്കപ്പെടുന്ന ഗംഗ, യമുന, പുരാണങ്ങളില്‍ പറയപ്പെടുന്ന സരസ്വതി എന്നീ നദികള്‍ സംഗമിക്കുന്ന ഇടത്ത് മുങ്ങിനിവരുന്ന പ്രധാന ചടങ്ങാണ്.12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കുംഭമേളയില്‍ 40 കോടിയിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
