പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരമാണ് നടൻ ഇന്ദ്രൻസ്. കോമഡി വേഷങ്ങളിൽ നിന്നും മാറി പ്രധാന കഥാപാത്രങ്ങളിലേക്ക് എത്തിയ ഇന്ദ്രൻസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ഇന്ദ്രൻസിന്റെ റിസൾട്ട് വന്നിരിക്കുകയാണ്.
സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ് തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്തിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് ആഗസ്ത് 24നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ ഇന്ദ്രൻസിനൊപ്പം 151 പേർ പരീക്ഷയെഴുതി. രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ. അറുപത്തിയെട്ടാം വയസിൽ മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചു എന്ന നേട്ടവും ഇന്ദ്രൻസിനുണ്ട്.
