കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടതില്ലെന്ന് സർക്കാർ. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രതി പി പി ദിവ്യ, സാക്ഷികളായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
