എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു. അതേസമയം ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
