സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചന നിരക്ക് ഉയരാന്‍ കാരണമെന്ന മുന്‍ പാക് ക്രിക്കറ്റ് താരം സയീദ് അന്‍വറിന്റെ പ്രസ്താവന വിവാദത്തില്‍. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർദ്ധിച്ചതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ അൻവർ പറയുന്നുണ്ട്. രാജ്യത്തെ തൊഴിൽമേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി അദ്ദേഹം അതിനെ ബന്ധിപ്പിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്വന്തം വീടുകൾ നടത്താൻ തീരുമാനിച്ചതായും അദ്ദേഹം തന്റെ പരാമർശത്തിൽ കൂട്ടിച്ചേർത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ ലോകത്ത് മുഴുവൻ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നാണ് വിഡിയോയിൽ പാകിസ്ഥാൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ പറയുന്നത്. ‘ഞാൻ ലോകത്തിന്റെ മുഴുവൻ കോണിലും യാത്ര ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഞാൻ കണ്ടത് യുവാക്കൾ എല്ലാം തന്നെ വളരെ ബുദ്ധിമുട്ടിലാണ്. കുടുംബങ്ങൾ എല്ലാം തന്നെ മോശമായ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്. കമിതാക്കൾ എല്ലാം തന്നെ തമ്മിൽ വഴക്കുകൾ പതിവായിരിക്കുന്നു. ഇതെല്ലാം കൊണ്ട് രാജ്യം തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇതിനെല്ലാം കാരണം അവരൊക്കെ അവരുടെ സ്ത്രീകളെ പണത്തിന് വേണ്ടി ജോലിക്ക് പറഞ്ഞയക്കുന്നത് കൊണ്ടാണെന്നും സയീദ് കൂട്ടിച്ചേർത്തു.
