സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന പരാതികളുടെ കൂട്ടത്തിലാണ് വി.കെ.പ്രകാശിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തതിരുന്നത്. പ്രതിയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നത് അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി പ്രതിയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് ഉത്തരവിട്ടത്. 2 ലക്ഷം രൂപയും തുല്യമായ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളത്. സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതിയുടെ പരാതി. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടി വികെ പ്രകാശ് കോടതിയെ സമീപിച്ചത് .
തനിക്കെതിരെ യുവതി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വികെ പ്രകാശ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തന്റെ സുഹൃത്തായ നിർമ്മാതാവിനെ മുൻപ് പരാതിക്കാരി ബ്ലാക്ക്‌മെയിൽ ചെയ്തിട്ടുണ്ടെന്നും, പണം തട്ടാൻ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞിരുന്നു.












