കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായത്. ഇതേ തുടർന്ന് സംഭവ സമയത്ത് ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് ഡോക്ടറിന് നല്‍കിയ ലൈസൻസ് മാർച്ച് 31ന് എക്സ്പയറി കഴിഞ്ഞിരുന്നു. അതിനു ശേഷം ഇത്രയും നാൾ ലൈസൻസ് ഇല്ലാതെയാണ് ഇദ്ദേഹം ആശുപത്രിയിൽ ജോലി നോക്കിയത്. ഇത് കണ്ടെത്തിയതോടെയാണ് ഡോക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് നവജാത ശിശുക്കള്‍ ആണ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ വെന്തുമരിച്ചത്.
സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് ദില്ലി സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും നിരവധി തെറ്റ് കുറ്റങ്ങളും പോരായ്മകളുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ ഒരിടത്തും എമർജൻസി എക്‌സിറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ തെളിഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ആശുപത്രി ഉടമയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
അംഗീകൃത ഓക്സിജൻ സിലിണ്ടറുകളെക്കാൾ കൂടുതൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം സംഭവിക്കുന്നത്. ഈ സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. തീ പടരുന്ന സാഹചര്യത്തിൽ ഇതിൽ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു.












