നിരവധിപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ 10 പേർ കൂടി കസ്റ്റഡിയിൽ. ഇലവുംതിട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലാവുന്നവരുടെ എണ്ണം 15 ആയി. പെൺകുട്ടിയെ ഉപദ്രവിച്ച നാൽപ്പതോളം പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.
62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
2019മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ സുഹൃത്ത് ആദ്യം പീഡിപ്പിയ്ക്കുന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നഗ്ന ചിത്രവും വീഡിയോയും എടുത്ത പ്രതി സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പ്രാഥമിക വിവരം. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസമനുഭവിയ്ക്കുന്ന പ്രതിയും ഉണ്ടെന്നന്നാണ് വിവരം.
