സംസ്ഥാനത്തു ഓട്ടോറിക്ഷ പെര്മിറ്റിൽ ഇളവ് വരുത്തി, ഇനിയും കേരളം മുഴുവൻ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പ് തള്ളിയാണ് സി ഐ ടി യു വിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം. ഇതുവരെയും ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു പെർമിറ്റ് നൽകിയത്
പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. എന്നാൽ ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി.
ട്രാൻസ്‌പോർട്ട് അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി ഈ തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ,ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഇങ്ങനൊരു തീരുമാനമെടുത്തത്.












