Film news

‘അമ്മ  സംഘടനയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ രാജിവെച്ചു 

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിൽ ഇപ്പോൾ ചൂടുപിടിച്ച വാർത്തകളാണ് എത്തുന്നത്. ഇപ്പോൾ സിനിമ മേഖലയിലെ ചില വെളിപ്പെടുത്തലുകൾ താരങ്ങളുടെ  സംഘടന ആയ അമ്മയിൽ വലിയ പൊട്ടിത്തെറികളിലാണ് എത്തപ്പെട്ടിരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു

ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ്  ഇപ്പോൾ കൂട്ട രാജിയിലേക്കെത്തിയത്. കഴിഞ്ഞ ദിവസം അമ്മക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നടൻ പൃഥ്വിരാജ് എത്തിയിരുന്നു.

ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.

 

Most Popular

To Top