നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു.
വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് ബോബി എത്തിയത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ആവർത്തിക്കുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ ആണ്
ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍ എടുത്തത് . സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്.
