കേരളീയം പരിപാടിയുടെ പ്രചാരണത്തിന് ന്യൂയോര്‍ക്കിൽ ടൈം സ്‌ക്വയറില്‍ വീഡിയോ, പോസ്റ്റര്‍ പ്രചരണത്തിന് വേണ്ടി മാത്രം 8.29 ലക്ഷം രൂപാ ചിലവിട്ടതായി കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. 11.47 കോടി രൂപ കേരളീയം പരിപാടിയുടെ നടത്തിപ്പിനായി സ്‌പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ പോസ്റ്ററിന് വേണ്ടി മാത്രം 8.29 ലക്ഷം രൂപ ചെലവഴിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പരിപാടി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചെലവായ തുക സംബന്ധിച്ച് മുഖ്യമന്ത്രി കണക്കുകള്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി നടത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേരളത്തിന്റെ വികസന മാതൃകയും ലോക ശ്രദ്ധയിലെത്തിക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ന്യൂയോർക്കിൽ ഉൾപ്പെടെ വൻ തുക ചെലവഴിച്ചത്.
ക്ഷേമ പെൻഷൻ കൊടുക്കാൻ സർക്കാരിന് പണമില്ലാത്തത് ഏറെ വിവാദമായിരുന്നു. ഖജനാവ് കാലിയാണെന്നായിരുന്നു ധനകാര്യമന്ത്രിയുടെ വിചിത്ര വിശദീകരണം. വിമര്‍ശനങ്ങള്‍ക്കിടെ ഇക്കൊല്ലവും സര്‍ക്കാര്‍ കേരളീയം പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
